Ephesians 6

കുഞ്ഞുങ്ങളും മാതാപിതാക്കന്മാരും

1കുഞ്ഞുങ്ങളേ, നിങ്ങളുടെ മാതാപിതാക്കന്മാരെ കർത്താവിൽ അനുസരിക്കുവിൻ; അത് ന്യായമല്ലോ. 2“നീ ശുഭമായിരിക്കുവാനും, ഭൂമിയിൽ ദീർഘായുസ്സോടിരിക്കുവാനും 3നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്കുക” എന്നത് വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.

4പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും പോറ്റി വളർത്തുവിൻ.

ദാസന്മാരും യജമാനന്മാരും

5ദാസന്മാരേ, നിങ്ങളുടെ ലോകപ്രകാരമുള്ള യജമാനന്മാരെ ക്രിസ്തുവിനെയെന്നപോലെ ആദരവോടും വിറയലോടും ഹൃദയപരമാർത്ഥതയോടും കൂടെ അനുസരിക്കുവിൻ. 6മനുഷ്യർ ശ്രദ്ധിക്കുമ്പോൾ മാത്രം അവരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും, 7മനുഷ്യരെയല്ല, കർത്താവിനെ തന്നെ സന്തോഷത്തോടെ സേവിച്ചുംകൊണ്ട് അനുസരിക്കുവിൻ. 8ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മയ്ക്ക് കർത്താവിൽനിന്ന് പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.

9അങ്ങനെതന്നെ യജമാനന്മാരേ, നിങ്ങളും ഇതേ രീതിയിൽ തന്നെ ദാസന്മാരോട് പെരുമാറുവിൻ. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനൻ സ്വർഗ്ഗത്തിലുണ്ടെന്നും ദൈവത്തിന് മുഖപക്ഷം ഇല്ലെന്നും അറിയുവിൻ.

ദൈവത്തിന്റെ സർവ്വായുധങ്ങൾ

10അവസാനമായി കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. 11പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്ക്കുവാൻ കഴിയേണ്ടതിന് ദൈവത്തിന്റെ സർവ്വായുധങ്ങളും ധരിച്ചുകൊള്ളുവിൻ.

12നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും ആത്മീയ അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകതലങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. 13അതുകൊണ്ട് നിങ്ങൾ ഈ ദുഷ്കാലങ്ങളിൽ എതിർത്തുനില്ക്കുവാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് ഉറച്ചു നില്ക്കുവാനും കഴിയേണ്ടതിന് ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊള്ളുവിൻ.

14നിങ്ങളുടെ അരയ്ക്ക് സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും 15സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിന് ചെരിപ്പാക്കിയും 16എല്ലാറ്റിനും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നിൽക്കുവിൻ.

17രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊള്ളുവിൻ. 18സകല പ്രാർത്ഥനയാലും യാചനയാലും ഏത് നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും, അവന്റെ മറുപടിക്കായി ജാഗരിച്ചുംകൊണ്ട് സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ സ്ഥിരോത്സാഹം കാണിക്കുവിൻ.

19എന്റെ കാരാഗൃഹവാസത്തിൽ ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിക്കുവാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്ക് വചനം നല്കപ്പെടേണ്ടതിനും 20ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിനും എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.

21ഞാൻ എങ്ങനെയിരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന് പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് നിങ്ങളോടു സകലവും അറിയിക്കും. 22നിങ്ങൾ ഞങ്ങളുടെ വസ്തുത അറിയുവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാനുമായി ഞാൻ അവനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു.

23പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും സഹോദരന്മാർക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ. 24നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ അനശ്വരമായ സ്നേഹത്താൽ സ്നേഹിക്കുന്ന എല്ലാവരോടും കൂടെ കൃപ ഇരിക്കുമാറാകട്ടെ.

Copyright information for MalULB